Tuesday, November 13, 2007

സ്വയം കൊളുത്തുന്ന; കെടാത്ത ചിത

തീയാണ് കനലാണതിന്‍ കടലാണെന്നുള്ളില്‍
തനുവാത്മാവും മമ ചിത്തവും വേവുന്നു
വിറമെയ്യുമായ് തുറകണ്ണുമായാളുമെന്‍
ചിതയില്‍ ദഹിക്കുന്നു കാലങ്ങളോളം ഞാന്‍

കത്തുന്ന ചിന്തകള്‍ പന്തമായെരിയു-
മീത്തലയുടെ താപമല്പമൊന്നാറ്റുവാന്‍
എത്ര മഴക്കാലമിനി വേണ്ടി വരുമി-
ന്നെത്ര വിചിത്രമീ വിചാര വീചികള്‍

സുഖശീതളമൊരു മഴയായ് പൊഴിയുമെന്‍
സഖിയുടെ പ്രേമത്തിന്നിത്തിരി തേങ്ങലിന്‍
മുമ്പിലക്കനവില്‍ കദനം പൊഴിക്കുന്നെന്‍
കണ്ണാകുമുലയില്‍ നിന്നുമുതിരുമാ‍ത്തീക്കനല്‍

വിഷനാവു ചൂഴുമെന്‍ തപ്തകണ്ഠത്തിലോ
സുരപാനപാത്രമൊഴുക്കുന്ന തീജലം
ദ്രവമൊരു ലഹരിയായ് സിരകളില്‍ പടരവേ
ഭ്രമതതന്‍ താഴ്വാരം‍ പുല്‍കുന്നു ഞാനും

മര്‍ത്യ ധിഷണതന്നപരാധമൊക്കെയും
ലാവയായുള്ളിലൊഴുക്കുന്ന പൃഥ്വിയില്‍
ജീവിച്ചിരിപ്പതും ഹൃദയമിടിപ്പതും
ജ്വാലയായ് ആളുമെന്‍ ഹൃത്തിലും തീയാണ്

പശിതിന്നു പരലോകം പൂകിയ മര്‍ത്യര്‍
പതിനായിരങ്ങളാം പാമരന്മാരുടെ
ജഠരാഗ്നിയിങ്ങൊരു തീപ്പന്തമായിന്നെന്‍
ജഠരേയെരിയുന്നു ദാഹിക്കുന്നു

ആയിരമശ്ലീല ജിഹ്വകളാലെന്നെ
ആകവേ നക്കുന്നു അരയിലെ തൃഷ്ണകള്‍
ക്ഷണഭംഗുരമാമാന്ദമൂര്‍ച്ഛതന്‍
തീയിലെരിയുന്നു യുക്തിയും ബോധവും

വസ്ത്രാപഹരിത, ഹരിതയയിരുന്നൊരീ
വസുധതന്‍ വ്രണിതമാം മാറിടം തന്നിലെ
വേവും മണലിലായ് ഇടറി നടന്നെന്റെ
വേര്‍പ്പെഴും പാദദ്വയത്തിലും തീയ്യാണ്

ഇങ്ങനെ മൊത്തമായ് കത്തിയെരികിലും
ഇപ്പൊഴും ശുദ്ധിവരുന്നില്ല മാനസേ
ഇത്തിരി വെട്ടമതാര്‍ക്കുമേ നല്‍കില്ല
ഇത്തീ‍യെന്തിനെരിയുന്നെന്‍ നെഞ്ചില്‍?

-----------------------------

2 comments:

Murali K Menon said...

ഒരുപാടു മാനസിക വിക്ഷോഭങ്ങളുടെ തീക്കനല്‍ ജ്വാലയില്‍ പെട്ടുഴലന്ന കവീ, ഇത് വായിച്ചു കഴിഞ്ഞപ്പോള്‍, കുറേ കൂടി വായിച്ച് ശരിപ്പെടുത്താനുണ്ടെന്ന് എന്ന ഒരു തോന്നല്‍. ധൃതി വെച്ച് പോസ്റ്റ് ചെയ്തില്ലേ എന്നും.

രസിക്കാതെ തോന്നിയവ:

തനുവാത്മാവും - തനുവും, ആത്മാവും ആണെങ്കില്‍ തനുവുമാത്മാവും എന്നു വേണം.
മുമ്പിലക്കനവില്‍ - മുമ്പിലാക്കനവില്‍ എന്ന് ദീര്‍ഘം വേണ്ടേ! അതല്ല കാര്യം. ആ നാലുവരിയിലെന്തോ ഒരു സുഖം പോരായ്മയ്ണ്ടെന്ന് തോന്നി.

താഴ്വാരന്‍?
വസ്ത്രാപഹരിത, ഹരിതയയിരുന്നൊരീ

ജ്വാലയായ് ആളുമെന്‍ ഹൃത്തിലും തീയാണ്

മേല്പറഞ്ഞ കാര്യങ്ങള്‍ എന്റെ അറിവിന്റെ പരിമിതിയില്‍ (അറിവില്ലായ്മയുടെ പരിധിയിലോ!)നിന്ന് പ്രകടിപ്പിച്ചവയാണ്. ഒരു കവിക്ക് ഇതില്‍ എതിരഭിപ്രായം ഉണ്ടായിക്കൂടായ്കയില്ല. അപ്പോള്‍ അടുത്ത പോസ്റ്റിംഗിലേക്ക് കണ്ണും നട്ട് ഭാവുകങ്ങളോടെ,

Anonymous said...

nannayittundu......