Wednesday, December 12, 2007

ദുരനുഭവങ്ങളും നല്ല ചിന്തകളും

കഴിഞ്ഞ വര്‍ഷം ഓഫീസിലെ ഡിപ്പാര്‍ട്ടുമെന്റ് മീറ്റിങ്ങ് നടക്കുകയായിരുന്നു. സ്ഥലം നഗരത്തില്‍ നിന്നും അകലെയുള്ള മുന്തിയ ഹോട്ടല്‍. ­ക്ഷണത്തോടെയുള്ള മീറ്റിംഗ്‌ ആയതിനാല്‍ പതിവിനു വിരുദ്ധമായി എല്ലാവരും സമയത്തു തന്നെ ഹാജര്‍. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മീറ്റിങ്ങിന്റെ ആദ്യത്തെ ഇനം 'ഐസ് ബ്രേക്കര്‍ എന്ന ക്രൂരത... വിഷയം: "നിങ്ങളെ വിഷമിപ്പിച്ച ഒരു സംഭ­വം എല്ലാവരോടും പങ്കുവെക്കുക‘. ആദ്യത്തെ നിരയുടെ മൂലയില്‍ നിന്നും അനഭ­വ കഥകള്‍ വന്നു തുടങ്ങി. കള്ളം പറയാന്‍ അറിയാത്തവനും കഥ പറയലില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവനുമായ ഞാന്‍ എന്തു കഥ പറയും എന്നോര്‍ത്ത്‌ ടെന്‍ഷനടിക്കാന്‍ തുടങ്ങി... ആവട്ടെ,,, വല്ല യഥാര്‍ത്‍ഥ അനുഭ­വ കഥ തന്നെ വിസ്തരിക്കാം ...
ദീര്‍ഘനിശ്വാസത്തോടെ ... മനസ്സ്‌ ഓര്‍മകളുടെ കയങ്ങളില്‍ വിഷമിപ്പിച്ച അനുഭവത്തിനായി പരതുകയാണ്‌.


ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്ന കാലം. ബാലകലോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ വക ഒരു നാടകമുണ്ട്‌. സാമൂഹ്യശാസ്ത്രത്തിന്റെ മാഷ്‌ തന്നെ കഥ എഴുതി സംവിധാനം ചെയ്യുന്ന നാടകം. അതില്‍ ആദ്യത്തെ സീനിലടക്കം പല സീനുകളിലായി വന്നുപോകുന്ന ഒരു സൂത്രധാരന്‍ ഉണ്ടായിരുന്നു, അതായിരുന്നു എന്റെ വേഷം. അങ്ങനെ മാഷ്‌ നാടകം പഠിപ്പിച്ചു... നാടകം പഠിച്ചു... അഭിനയിച്ചു... പാവം പിള്ളേരെ വിഷമിപ്പിക്കേണ്ട എന്നു കരുതി എല്ലാവരും പറഞ്ഞു 'വളരെ നന്നായിട്ടുണ്ട് ‘. മാര്‍ച്ചിലെ പരീക്ഷ കഴിഞ്ഞപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ മറ്റൊരു നഗരത്തിലെ സ്കൂളിലേക്ക്‌ പറിച്ചു നടപ്പെട്ടു.... അക്കാരണത്താല്‍ ജന്മനാട്‌ വിട്ട് അമ്മവീട്ടില്‍ ആയി താമസം. അഞ്ചാം ക്ലാസ്സില്‍ കൂടുതല്‍ നാടകമൊന്നും അഭിനയിച്ചില്ല. പരീക്ഷകളെഴുതി. മാര്‍ച്ച്‌ മാസം കഴിഞ്ഞു.. വീട്ടില്‍ തിരിച്ചെത്തി.

വീട്ടിലെ കൊച്ചുചെറുക്കനെ കണ്ടതിനെല്ലാം ഓടിക്കുന്ന വീട്ടിലെ പ്രജകള്‍ എന്നെ ഒരു ദിവസം പഞ്ചസാര വാങ്ങാന്‍ കടയിലേക്കയച്ചു... കടയില്‍ പോയി മടങ്ങി വരുന്ന വഴി നാട്ടില്‍ കണ്ടുപരിചയമുള്ള ഒരു ചേട്ടന്‍ സൈക്കിള്‍ നിര്‍ത്തി, 'നീ ഇവിടത്തെ സ്കൂളിലല്ലേ പഠിച്ചത്?' എന്നു ചോദിച്ചു.. 'അതേ' വിനയം കൈ വിടാതെയുള്ള ഉത്തരം. 'അമ്പലപ്പറമ്പിലെ നാടകത്തില്‍ നീ അഭിനയിച്ചിലാരുന്നോ?‘ വീണ്ടും ചോദ്യം... 'ആ ഉണ്ടായിരുന്നു.' ഞാന്‍ തന്നെ ആ കാര്യം മറന്നു തുടങ്ങിയിരിക്കുന്നു. 'നീയായിരുന്നു അതില്‍ ഏറ്റവും അബദ്ധം. ഇനി മോന്‍ അഭിനയിക്കരുത് കേട്ടോ... !!!' ചേട്ടന്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ട്‌ അകന്നുപോയി..

എനിക്ക്‌ കാര്യങ്ങളൊന്നും ചിന്തിക്കാന്‍ കഴിയാത്ത ഒരു പ്രത്യേക മാനസീക അവസ്ഥയിലായിരുന്നു.
വീട്ടില്‍ ചെന്ന് അമ്മയോട്‌ ചോദിച്ചു: 'എങ്ങനെയുണ്ടായിരുന്നു അമ്മേ അന്ന് അമ്പലപ്പറമ്പിലെ നാടകം ?...'
അമ്മ ഏറ്റവും സ്നേഹത്തോടെ 'അതെന്താ മോനേ !!! അസ്സലായിരുന്നു...
കോപം കൊണ്ട്‌ കലി കയറി... പ്രതിഷേധത്താല്‍ പഞ്ചസാരക്കെട്ട്‌ നിലത്തെറിഞ്ഞു. പഞ്ചസാരക്കെട്ട്‌ പൊട്ടി നിലത്ത് മുഴുവന്‍ ചിതറിക്കിടക്കുന്നു. അമ്മ സമയം ഒട്ടും പഴാക്കിയില്ല.
അടി പറന്നു വന്നു... കൃത്യം ചെകിട്ടത്ത്‌...

എങ്ങനെയോ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.. അനുഭവം കൊള്ളാം. പക്ഷെ ഇത്ര നല്ല അനുഭവം ഇംഗ്ലീഷില്‍ പറയണം... ആവതില്ല...
ഭാഗ്യം കൊണ്ട് ഞാനിരിക്കുന്ന നാലാമത്തെ നിരയില്‍ എത്തും മുന്‍പേ 'ഐസ്‌ ബ്രേക്കര്‍‘ അവസാനിച്ചു.

എനിക്ക് മനസിലുള്ളില്‍ ആ ചേട്ടനോട്‌ വളരെ സ്നേഹവും ബഹുമാനവും തോന്നി. ജീവിതത്തില്‍ സത്യം മാത്രം എന്നോട്‌ പറഞ്ഞു എന്ന് എനിക്ക്‌ ഉറപ്പുള്ള ഏക മനുഷ്യന്‍..

++++++++++++++++++++++++++++++++++++++++++++++++++++++

പിന്നെ പ്രിയപ്പെട്ട ചേട്ടാ... അന്നു തരാന്‍ കഴിയാതിരുന്ന മറുപടിയും ഇതാ... ഇതിലൊന്നും എനിക്കു ചെയ്യാന്‍ കഴിയുന്നതൊന്നും ഇല്ലായിരുന്നു. ക്ലാസ്സില്‍ പമ്പരം കറക്കിക്കൊണ്ടിരുന്ന എന്നെ പിടിച്ച്‌ കൊണ്ടുപോയി ഒരു മാഷ്‌ അഭിനയിപ്പിച്ചതാ.... പാവം ഞാന്‍...
പിന്നെ രണ്ടാമത്തെ കാര്യം.. 'ആ അടി'... തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു... അതില്‍ ഇപ്പോള്‍ ദു:ഖമുണ്ട്‌...


- രജീന്ദ് യു. ആര്‍

3 comments:

jentil said...

Rajeend..

Wonderfull write-up... couldn't help laughing out visualising the scene...:) jentil.

Anonymous said...

simply spaaari - nice presentation

Anonymous said...

നന്നായിട്ടുണ്ട്. ഇനിയും എഴുതണം.