Wednesday, January 9, 2008

വനപര്‍വ്വം കഴിഞ്ഞ്... ചെറുകഥ - രജീന്ദ് യു ആര്‍

ചെറുകഥ - രജീന്ദ് യു ആര്‍
-------------------- --

വനപര്‍വ്വം കഴിഞ്ഞ്...

“നീ ഇതില്‍ വിഷമം ഒന്നും വിചാരിക്കെണ്ട; കുറഞ്ഞപക്ഷം നമുക്ക് മൂപ്പരുടെ അഭിപ്രായം അറിയാമല്ലോ” ശിവന്‍ സ്വന്തം ജാമ്യത്തിനായി കഷ്ടപ്പെടുകയാണ്.
“ എടാ ഇതു അന്നു രാത്രിയത്തെ സംഭവം മാത്രമല്ല, ... നീ ഈയിടെയായി വളരെ ഡിസ്റ്റര്‍ബ്ഡ് ആണ്. നിനക്ക് ഒരു രാത്രിയെങ്കിലും സമാ‍ധാനമായി ഉറങ്ങണ്ടേ? ഓരോ ഭ്രാന്ത് പറഞ്ഞ് ഉറക്കമിളയ്ക്കാന്‍ നിനക്കെന്താ‍ പറ്റിയത്?”
ശിവന്‍ തുടരുകയാണ് “ നമ്മളിപ്പൊള്‍ കാണാന്‍ പോകുന്ന കക്ഷിയും മലയാളിയാണ്. എന്റെ ചേട്ടന്റെ ക്ലോസ് ഫ്രണ്ടാ‍ണ്. എന്തായാലും അയാള്‍ പറയട്ടെ; ഒന്നുമില്ലെങ്കിലും അയാള്‍ നിംഹാന്‍സിലെ ഒരു ഫെയിമസ് ഡോക്ടറല്ലേ..”
മറുപടി ഒന്നും പറയാന്‍ തോന്നിയില്ല. എന്താ‍യാലും ഒരു കണ്‍സള്‍ട്ടേഷന്‍ ആവശ്യമാണെന്ന് എനിക്കും തോന്നുന്നു. നിശബ്ദതയുടെ നഗരയാത്ര അങ്ങനെ നിംഹാന്‍സിന്റെ ഗേറ്റും കടന്ന് ‘ബി’ ബ്ലോക്കിന്റെ മുന്‍പിലെ പാര്‍ക്കിങ്ങില്‍ അവസാനിച്ചു.

ഒന്നാം നിലയില്‍ എത്തിയപ്പോള്‍ കക്ഷി കണ്‍സള്‍ട്ടേഷന്‍ റൂമില്‍ ഉണ്ട്. ശിവന്‍ ആദ്യം അകത്തേയ്ക്കു കയറി. പിറകേ ഞാനും. എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ച് ഡോക്ടര്‍ ശിവനേയും കൂട്ടി പുറത്തേയ്ക്കു പോയി. മനസ്സ് ആകെ പ്രക്ഷുബ്ധമായിരിക്കുകയാണ്. ഇവിടെ ഈ ഇരിപ്പ് തുടങ്ങിയിട്ട് അഞ്ചു മിനിറ്റെങ്കിലും ആയിക്കാണും. പുറത്തി ശിവന്‍ എന്തോ പതിയ ശബ്ദത്തില്‍ പറയുനതു കേള്‍ക്കാമായിരുന്നു. അല്പം കഴിഞ്ഞു മുഖത്തൊട്ടിച്ച നേര്‍ത്ത ചിരിയും ഒരു മൂളിപ്പാട്ടുമായി ഡോക്ടര്‍ റൂമിലേയ്ക്കു കയറി വന്നു. എനിക്കെതിരെ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന അയാളുടെ മുഖത്തേയ്ക്കു നോക്കാന്‍ എനിക്കു തോന്നിയില്ല.

“ഗുഡ് മോണിംഗ്, എന്നെ മനസ്സിലായോ?”

“ഗുഡ് മോണിംഗ്,.. പുറത്തെ ബോര്‍ഡ് വായിച്ചു”.

“അതു കോള്ളാമല്ലോ, ഇവിടെ ഇരിക്കുന്നവര്‍ക്കല്ല, അവരുടെ കൂടെ വരുന്നവര്‍ക്കു വേണ്ടിയാണ് ആ ബോര്‍ഡ്”, ഡോക്ടറുടെ ചിരിയുടെ വികസിച്ചു.

“ആട്ടെ, ഇന്ന് ഓഫീസില്‍ പോയില്ലേ?”
“ശനിയാഴ്ച അവധിയാണ്”.

“ഓഫീസ്സില്‍ വളരെ സ്ട്രെസ്സ്ഡ് ആയിരിക്കും അല്ലെ?”
“അങ്ങനെയൊന്നുമില്ല, പിന്നെ കുറെയൊക്കെ അതിന്റെ ഭാഗം തന്നെയാണല്ലോ.”

“രാവിലെ എന്താ കഴിച്ചത്?’
ഒരു നിമിഷം അലോചിക്കേണ്ടി വന്നു. ഈയിടെയായി ആഹാരിക്കുന്നത് യാന്ത്രികമായിത്തീര്‍ന്നിരിക്കുന്നു.
“ ഒരു ചായ കുടിച്ചു”.

സംസാരിക്കുന്നത് മിക്കവാറും കണ്ണുകള്‍ അടച്ചു കൊണ്ടാണ്. എന്തോ വല്ലാത്ത സംയമനം പാലിക്കണമെന്നു തോന്നി. മനസ്സില്‍ എണ്ണാന്‍ തുടങ്ങി. പത്ത്...ഒമ്പത്...എട്ട്...ഏഴ്...

“രാത്രി ഉറങ്ങാന്‍ എത്ര മണിയാകും?” അടുത്ത ചോദ്യത്തോടെ റിലാക്സ് ചെയ്യാനുള്ള എണ്ണം തെറ്റി. കഴമ്പുള്ള ചോദ്യം എന്ന തോന്നലില്‍ നിന്ന് അല്പം ആശ്വാസം തോന്നി.

“അങ്ങനെയൊന്നുമില്ല, 12 മണിയ്ക്കൊക്കെ കിടക്കാറുണ്ട്.”

ഡോക്ടര്‍ ഗാഢമായ എന്തോ ആലോചനയിലേയ്ക്ക് കടന്നു. എന്റെ മനസ്സിന്റെ ഊടുവഴികളിലൂടെയുള്ള അലച്ചിലിന് കുരുക്കിടാനുള്ള പോംവഴിയാണോ ചിന്തിക്കുന്നത്? ആ ആലോചന അല്പ നേരം നീണ്ടു പോയി. എന്റെ ഉള്ളിലാകെ വല്ലാ‍ത്ത ഒരു പിരിമുറുക്കം. ഞാന്‍ കണ്ണുകള്‍ അടച്ച് ഏകാഗ്രത വരുത്താന്‍ ശ്രമിച്ചു. പക്ഷേ ഒട്ടും നടക്കുന്നില്ല. കണ്ണുകള്‍ അടയ്ക്കുമ്പോഴേയ്ക്കും കാതില്‍ ആ ആര്‍ത്തനാദം ഇരമ്പിക്കയറുന്നു. നിലവിളി.. അട്ടഹാസങ്ങള്‍.. മിന്നല്‍‌പിണരുകള്‍...

ഇടയ്ക്കു ചില ചോദ്യങ്ങള്‍ പൊട്ടിവീണു. എന്റെ ഭൌതിക ജീവിതചര്യകളെപ്പറ്റി. ഇതിന്റെ അവസാനം എങ്ങിനെയായിരിക്കുമെന്ന ചിന്ത എന്നെ വ്യസനിപ്പിച്ചു. ഇതൊട്ടും ശരിയാകുന്നില്ല.

“ഇടയ്ക്കിടയ്ക്ക് ഉറക്കം ഞെട്ടാറുണ്ടോ?”
ആ ചോദ്യത്തിന് ഉത്തരം പറയാന്‍ തോന്നിയില്ല.

എന്റെ മനസ്സില്‍ ഒരു ചലച്ചിത്രത്തിലെ ഫാസ്റ്റ് ഫോര്‍വേഡ് ദൃശ്യങ്ങള്‍ പോലെ ഓര്‍മ്മകളും സ്വപ്നങ്ങളും ഇടതടവില്ലാതെ ഓടുകയാണ്. മിഥ്യയും യാഥാര്‍ത്യവും ഇഴപിരിച്ചെടുക്കാ‍നാവുന്നില്ല. എന്റെ ജീവിതത്തിന്‍ ഇങ്ങനെ ഒരു ഇരിപ്പ് വേണ്ടിവരുമെന്ന് ഒരു സ്വപ്നവും മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഈ വേഷം അവസാനിപ്പിക്കാറായോ? ഉഗ്രരൂപികളായ സത്വങ്ങള്‍ എന്റെ ചുറ്റിലും വന്ന് താണ്ഡവനൃത്തം തുടങ്ങിയിരിക്കുന്നു.

വീണ്ടും എന്തോ ചോദിക്കാനായി ഡോക്ടര്‍ മുന്നോട്ടാഞ്ഞു. ആ ചോദ്യവും അനാവശ്യമായ ഒന്നാണെന്നുറപ്പിച്ച് അങ്ങോട്ടു കയറി സംസാരത്തെ ഖണ്ഡിച്ചു.

“നോക്കൂ ഡോക്ടര്‍, നിങ്ങള്‍ ഇപ്പോഴും എന്റെ പ്രശ്നത്തില്‍ നിന്നും വളരെ അകലെയാണെന്നു തോന്നുന്നു. ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കാം..”

എല്ലാ സ്വപ്നങ്ങളും ആവരങ്ങളും തകര്‍ന്നടിയുന്ന നിമിഷമാണെന്ന് മനസ്സിലാക്കിത്തന്നെ കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാം, അതാണ് രക്ഷപ്പെടലിന് എളുപ്പവഴി.

“പുറത്തിരിക്കുന്ന ശിവനടക്കം ഞങ്ങള്‍ നാലുപേര്‍ ഒരുമിച്ചാണ് താമസം. മൂന്നു വര്‍ഷത്തിലേറെയായ് ആ വീട്ടില്‍ താമസിക്കുന്നു. ഈയിടെയായിട്ടുണ്ടായ പ്രശ്നങ്ങള്‍ അവന്‍ പറഞ്ഞുകാണുമല്ലോ!! ഈയിടെയായി ഞാന്‍ ഉറക്കം വരാതെ വല്ലാതെ കഷ്ടപ്പെടുന്നു. ഞാന്‍ ചില സന്ദര്‍ഭ്ങ്ങളില്‍ പൊട്ടിത്തെറിക്കുന്നു.“

ഒന്നു നിര്‍ത്തി. ഡോക്ടര്‍ വെള്ളത്തിന്റെ കുപ്പി എന്റെ മുന്‍പിലേയ്ക്കു നീക്കി വച്ചു. അതില്‍ നിന്നൊരു കവിള്‍ കുടിച്ചു.

“ഞാന്‍ അത് എങ്ങനെ വിവരിക്കും...? എനിക്കറിയില്ല, ആ രോദനം എനിക്കിനി സഹിക്ക വയ്യ.... കുറച്ച് കാലമായി ഇങ്ങനെ... കാതില്‍ എന്തോ... കൊതുകിന്റെ മൂളല്‍ പോലെയോ... അല്ല, കൊതുകല്ല... അത്. അതും ലൈറ്റണച്ച് കുറച്ചു കഴിയുമ്പോള്‍ മാത്രം.... ഒരു വല്ലാത്ത ഇരമ്പല്‍... ഈ കൊതുകുണ്ടല്ലോ... അത് എന്റെ ചെവിയില്‍ കയരിയിരുന്നു മൂളുന്നു.... എന്നാല്‍ എന്നെ കടിക്കുകയോ...ചോര കുടിയ്ക്കുകയോ ഇല്ല. അതിനെന്റെ ചോര വേണ്ട. അങ്ങനെ ഇടയ്ക്ക്... ശരീരത്തിലൊക്കെ പാറിവന്ന് ഇരിക്കുന്നതായ് തോന്നുകയാ... അല്ല, ... ശരിക്കും ഉണ്ട്.... ആ കരച്ചിലുണ്ടല്ലോ... അതൊരു അഞ്ചു മിനിട്ട് കേട്ടു നോക്കണം.... തല തല്ലിപ്പൊളിക്കാന്‍ തോന്നും... പിന്നെ ഉറങ്ങാനൊന്നും കഴിയില്ല... ആദ്യമൊക്കെ ഞാന്‍ സഹിച്ചു. പിന്നെ ഇവറ്റകളുടെ എണ്ണം കൂടിവന്നു.... ആ നിലവിളി കേട്ടിട്ട് ഒരു വല്ലാത്ത വേദന... എന്നെ കടിച്ച് ചോരകുടിച്ച് പൊയ്ക്കോട്ടെ എന്നു കരുതി ഞാന്‍ ലൈറ്റ് ഓണ്‍ ചെയ്തിരുന്നു നോക്കി. എല്ലാം അപ്പോള്‍ ഓടിയൊളിക്കും. സ്വൈര്യം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. എങ്ങെനെയെങ്കിലും ഉറങ്ങിയാല്‍ തന്നെ ഇവ എന്നെ ഉറക്കം ഞെട്ടിച്ച് എനിക്കു ചുറ്റും വട്ടമിട്ടു പറന്നു കരയുന്നു.... എനിക്കിപ്പോള്‍ തോന്നുന്നു ഏതോ നഷ്ടസ്വപ്നങ്ങളുടെ വേദയനാണ് ആ ജീവികളുടെ കരച്ചിലില്‍ എന്ന്. “

“എന്റെ ചോര കുടിക്കാനല്ല... ഇന്നാള്‍ ഞാനൊരു കൊതുകുവല വാങ്ങി നോക്കി. എല്ലാം ശരിയാക്കി് കിടന്നാലും എനിക്കു ഉറങ്ങാന്‍ പറ്റുന്നില്ല, അവ അനുവദിക്കുന്നില്ല.... എന്തോ എന്നൊട് പരിഭവപ്പെടുന്ന പോലെ... എനിക്ക് ഇതു കാരണം സ്വബോധം തന്നെ നഷ്ടപ്പെട്ടു വരികാണ്. അങ്ങനെയാണ് ശിവനെ തല്ലുന്നതും രാത്രികളില്‍ അലറി വിളിച്ചതും എല്ലാം... എല്ലാം എനിക്കോര്‍മ്മയുണ്ട്... പക്ഷേ...“

“എനിക്കാ ശബ്ദത്തില്‍ നിന്നു രക്ഷപ്പെടണം ഡോക്ടര്‍..... എന്റെ മരിച്ചുപോയ സ്വപ്നങ്ങളുടെ ശവക്കുഴിയില്‍ നിന്നുയരുന്ന നിലവിളി പോലെ തോന്നുന്നു...”

പറഞ്ഞവസാനിപ്പിച്ചു. തലവേദയ്ക്കല്പം സമാധാനം തോന്നി.

“എന്റെ സ്വസ്ഥതയ്ക്കു വേണ്ടി ഡോക്ടര്‍ ഒരു ഉപകാരം ചെയ്തു തരണം, ഒരു കടലാസില്‍ ഞാന്‍ മെഡിക്കലി അണ്‍ഫിറ്റ് ആണ് എന്നെഴുതിത്തരണം. തിങ്കളാഴ്ച്ച ഓഫീസ്സില്‍ ചെന്ന ഉടനെ രാജി സമര്‍പ്പിക്കണം എനിക്ക്... “ തൊണ്ടയില്‍ എന്തോ തടഞ്ഞതു പോലെ..

“എല്ലാ പരിഷകള്‍ക്കും പാര്‍ട്ടി കൊടുത്തിട്ട് പറ്റുമെങ്കില്‍ വൈകുന്നേരം തന്നെ ഈ സിറ്റി വിടണം.”

മടിയൊന്നും കൂടാതെ ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പൂരിപ്പിച്ച് നീളത്തില്‍ ഒപ്പും വച്ച് എന്റെ കയ്യിലേയ്ക്കു നീ‍ട്ടിത്തന്നു. പഴ്സെടുത്തു തുറന്നപ്പോ‍ള്‍ ഒരു അമ്പതിന്റെയും ആയിരത്തിന്റെയും രണ്ട് നോട്ടുകള്‍. ആയിരത്തിന്റെ നോട്ടെടുത്തു മേശപ്പുറത്തു വച്ച് എഴുന്നേറ്റ് വാതിലിനടുത്തേയ്ക്കു നടന്നു. തിരിഞ്ഞു നിന്നു പറഞ്ഞു.

“ഇപ്പോള്‍ നല്ല സുഖം തോന്നുന്നു ഡോക്ടര്‍.” എന്റെ മന്ദസ്മിതം ഡോക്ടര്‍ ഏറ്റുവാങ്ങി.

ശിവനേയും കൂട്ടി വീട്ടിലേയ്ക്കു തിരിച്ചു. പോകുന്ന വഴി അവന്‍ ഒന്നും ചോദിച്ചില്ല. എങ്കിലും അവനോടായി പറഞ്ഞു.

“ഞാന്‍ ഇപ്പോ തന്നെ പായ്ക്കിംഗ് തുടങ്ങുകയാണ്, മടക്കയാത്ര ആരംഭിക്കുകയായി. എനിക്കു കൊണ്ടുപോകാന്‍ കഴിയാത്തവയൊക്കെ നീ ആര്‍ക്കെങ്കിലും കൊടുത്തേയ്ക്കൂ....“

എന്തോ, ഡ്രൈവിംഗിന്റെ തിരക്കില്‍ ശിവന്‍ ഒന്നും പറഞ്ഞില്ല.

- രജീന്ദ് യു ആര്‍

4 comments:

Sherlock said...
This comment has been removed by the author.
Rajeend U R said...

ഈ കഥയുടെ എഡിറ്റിംഗ്‌ നടത്തിയ ജോമേഷിന്‌ (വഴിപോക്കന്‍) എന്റെ നന്ദി പ്രകാശിപ്പിക്കുന്നു...

Anonymous said...

പലപ്പോഴും നടക്കാത്ത കാര്യങ്ങളാലല്ലോ സ്വപ്നങ്ങളായി മാറുന്നത് !

Anonymous said...

അപ്പീസില്‍ ബ്ലോഗില്ലാത്തതിനാല്ലും ഇവിടെ ഫോന്റില്ലാത്തതിനാല്ലും ഞാന്‍ ഈ കമന്റ് ഇട്ടേച്ചു ഇതു കുറച്ചു വായിച്ചിട്ടു ക്മന്റ് ഇടുന്നു...

വായിച്ചടിത്തോളം ഇഷ്ടായി...

ബാക്കി പിന്നെ..