പ്രബോധിനി അംഗങ്ങളെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നു നവമ്പര്‍ 1. കേരളപ്പിറവി ദിനം ആയതുകൊണ്ടു മാത്രമല്ല, ഞങ്ങളുടെ ഏറെക്കാലത്തെ കഠിനപ്രയത്നത്തിന്റേയും കൂട്ടായ്മയുടേയും ഫലമായ വാര്‍ഷികപ്പതിപ്പ് ‘വൈഖരി’യുടെ പ്രകാശനം. കേരളപ്പിറവി ദിനത്തില്‍ തന്നെ ‘വൈഖരി’യുടെ പ്രകാശനം നടത്താന്‍ സാധിച്ചത് ആ സന്തോഷത്തിന്‍് ഇരട്ടിമധുരമേകുന്നു.ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മോണിംഗ് ബെല്‍ ഓഫീസില്‍ വച്ചായിരുന്നു പ്രകാശനച്ചടങ്ങ്. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും സിനിമാ അഭിനയത്രിയുമായ ശ്രീമതി ശ്രീദേവി ഉണ്ണി ടീച്ചര്‍ ആയിരുന്നു മുഖ്യാതിഥി.
ഈശ്വര പ്രാര്‍ഥനയ്ക്കു ശേഷം പരിപാടികള്‍ ആരംഭിച്ചു. ജിന്‍സി തോമസ് സ്വാഗതം പറഞ്ഞു. നിലവിളക്ക് കൊളുത്തി ടീച്ചര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രബോധിനിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും പ്രസിഡന്റ് ഷിജു തേനമ്മാക്കില്‍ സംസാരിച്ചു. അതിനുശേഷം സംസാരിച്ച ശ്രീദേവി ടീച്ചര്‍ നഗരജീവിതത്തില്‍ കലയ്ക്കും സാഹിത്യത്തിനും ഉള്ള സ്ഥാനം സ്വന്തം ജീവിതം സാക്ഷി നിറുത്തി വിശദീകരിച്ചു. മോഹിനിയാട്ടം നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ടീച്ചറിന്റെ വാക്കുകള്‍ എല്ലാവരേയും ആവേശം കൊള്ളിക്കുന്നതായിരുന്നു.
ടീച്ചറിന്റെ വത്സലശിഷ്യ മഞുലേഖ തുടര്‍ന്ന് ഗുരുശിഷ്യബന്ധത്തിന്റെ അനുഭവങ്ങള്‍ ഹൃദയ്സ്പര്‍ശിയായി വിവരിച്ചു. ഇത്ര തിരക്കേറിയ ജീവിതത്തിലും കലയെ മറക്കാതെ കൂടെക്കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള മഞ്ജുവിന്റെ വിവരണം അതിശയപ്പെടുത്തുന്നതായിരുന്നു.
പിന്നീട് മോണിംഗ് ബെല്‍ പത്രപ്രവര്‍ത്തനങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മോണിംഗ് ബെല്‍ പത്രാധിപര്‍ ശ്രീ റോഷന്‍ വി കെ സംസാരിച്ചു. തുടര്‍ന്ന് ‘വൈഖരി’യുടെ ആദ്യകോപ്പി റോഷനു നല്‍കി ടീച്ചര്‍ മാഗസിന്‍ ഔപചാരികമായി പ്രകാശനം ചെയ്തു. ഒരു എഡിറ്റര്‍ എന്ന നിലയ്ക്ക് എനിക്ക് ഏറെ അഭിമാനവും ചാരിതാര്‍ഥ്യവും തോന്നിയ മുഹൂര്‍ത്തമായിരുന്നു അത്. മാഗസിന്‍ വര്‍ക്ക് തീര്‍ന്നല്ലോ എന്ന ചെറിയ കുണ്ഠിതവും!
അതിനെത്തുടര്‍ന്ന് ജാലവിദ്യയുടെ മാന്ത്രികതയുമായെത്തിയ സുനില്‍ ജോസിന്റെ പ്രകടനം കുറച്ചു നേരത്തേയ്ക്ക് കാണികളെ വേറൊരു ലോകത്തില്‍ എത്തിച്ചു. കുട്ടിക്കാലത്ത് പള്ളിപ്പെരുന്നാളിനും അമ്പലപ്പറമ്പുകളിലും കണ്ട വിസ്മയക്കാഴ്ചകള്‍ തൊട്ടരികെ കണ്ടതിന്റെ വിസ്മയത്തിലായിരുന്നു എല്ലാവരും.