Monday, November 2, 2009

വൈഖരി വെളിച്ചം കണ്ടപ്പോള്‍ - പ്രബോധിനി വാര്‍ഷികപ്പതിപ്പ് -വൈഖരി - പ്രകാശനം .


പ്രബോധിനി അംഗങ്ങളെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നു നവമ്പര്‍ 1. കേരളപ്പിറവി ദിനം ആയതുകൊണ്ടു മാത്രമല്ല, ഞങ്ങളുടെ ഏറെക്കാലത്തെ കഠിനപ്രയത്നത്തിന്റേയും കൂട്ടായ്മയുടേയും ഫലമായ വാര്‍ഷികപ്പതിപ്പ് ‘വൈഖരി’യുടെ പ്രകാശനം. കേരളപ്പിറവി ദിനത്തില്‍ തന്നെ ‘വൈഖരി’യുടെ പ്രകാശനം നടത്താന്‍ സാധിച്ചത് ആ സന്തോഷത്തിന്‍് ഇരട്ടിമധുരമേകുന്നു.ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മോണിംഗ് ബെല്‍ ഓഫീസില്‍ വച്ചായിരുന്നു പ്രകാശനച്ചടങ്ങ്. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും സിനിമാ അഭിനയത്രിയുമായ ശ്രീമതി ശ്രീദേവി ഉണ്ണി ടീച്ചര്‍ ആയിരുന്നു മുഖ്യാതിഥി.ഈശ്വര പ്രാര്‍ഥനയ്ക്കു ശേഷം പരിപാടികള്‍ ആരംഭിച്ചു. ജിന്‍സി തോമസ് സ്വാഗതം പറഞ്ഞു. നിലവിളക്ക് കൊളുത്തി ടീച്ചര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രബോധിനിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും പ്രസിഡന്റ് ഷിജു തേനമ്മാക്കില്‍ സംസാരിച്ചു. അതിനുശേഷം സംസാരിച്ച ശ്രീദേവി ടീച്ചര്‍ നഗരജീവിതത്തില്‍ കലയ്ക്കും സാഹിത്യത്തിനും ഉള്ള സ്ഥാനം സ്വന്തം ജീവിതം സാക്ഷി നിറുത്തി വിശദീകരിച്ചു. മോഹിനിയാട്ടം നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ടീച്ചറിന്റെ വാക്കുകള്‍ എല്ലാവരേയും ആവേശം കൊള്ളിക്കുന്നതായിരുന്നു.
ടീച്ചറിന്റെ വത്സലശിഷ്യ മഞുലേഖ തുടര്‍ന്ന് ഗുരുശിഷ്യബന്ധത്തിന്റെ അനുഭവങ്ങള്‍ ഹൃദയ്സ്പര്‍ശിയായി വിവരിച്ചു. ഇത്ര തിരക്കേറിയ ജീവിതത്തിലും കലയെ മറക്കാ‍തെ കൂടെക്കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള മഞ്ജുവിന്റെ വിവരണം അതിശയപ്പെടുത്തുന്നതായിരുന്നു.

പിന്നീട് മോണിംഗ് ബെല്‍ പത്രപ്രവര്‍ത്തനങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മോണിംഗ് ബെല്‍ പത്രാധിപര്‍ ശ്രീ റോഷന്‍ വി കെ സംസാരിച്ചു. തുടര്‍ന്ന് ‘വൈഖരി’യുടെ ആദ്യകോപ്പി റോഷനു നല്‍കി ടീച്ചര്‍ മാഗസിന്‍ ഔപചാരികമായി പ്രകാശനം ചെയ്തു. ഒരു എഡിറ്റര്‍ എന്ന നിലയ്ക്ക് എനിക്ക് ഏറെ അഭിമാനവും ചാരിതാര്‍ഥ്യവും തോന്നിയ മുഹൂര്‍ത്തമായിരുന്നു അത്. മാഗസിന്‍ വര്‍ക്ക് തീര്‍ന്നല്ലോ എന്ന ചെറിയ കുണ്ഠിതവും!

അതിനെത്തുടര്‍ന്ന് ജാലവിദ്യയുടെ മാന്ത്രികതയുമായെത്തിയ സുനില്‍ ജോസിന്റെ പ്രകടനം കുറച്ചു നേരത്തേയ്ക്ക് കാണികളെ വേറൊരു ലോകത്തില്‍ എത്തിച്ചു. കുട്ടിക്കാലത്ത് പള്ളിപ്പെരുന്നാളിനും അമ്പലപ്പറമ്പുകളിലും കണ്ട വിസ്മയക്കാഴ്ചകള്‍ തൊട്ടരികെ കണ്ടതിന്റെ വിസ്മയത്തിലായിരുന്നു എല്ലാവരും.


ഒരാ‍ഴ്ചയുടെ നെട്ടോട്ടത്തിനൊടുവില്‍ അല്പം വിശ്രമിക്കാന്‍ കിട്ടുന്ന ഒരേ ഒരു ദിവസമായ ഞായറാഴ്ചയിലെ രണ്ടു മണിക്കൂര്‍ അവിടെ ചിലവഴ്ച്ചതില്‍ ഒട്ടും വിഷമിക്കേണ്ടി വന്നില്ല എന്ന് എല്ലാവരുടേയും മുഖത്തുനിന്നും വായിക്കാന്‍ കഴിഞ്ഞു.
തുടര്‍ന്ന് ചടങ്ങവസാനിപ്പിച്ചുകൊണ്ട് ജെന്റില്‍ നന്ദി പ്രകാശിപ്പിച്ചു.

എല്ലാം കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞിരുന്നു. എന്നത്തേയ്ക്കും ഓര്‍ത്തു വയ്ക്കാന്‍ ഒരു ദിവസം....
ജിന്‍സി (വൈഖരി ടീമിനുവേണ്ടി)

Monday, January 12, 2009

പ്രബോധിനി ചെറുകഥാമത്സരം -2009 സൃഷ്ടികൾ ക്ഷണിക്കുന്നു....

പ്രിയപ്പെട്ട സുഹൃത്തുക്കളേ,

എല്ലാവർക്കും പ്രബോധിനിയുടെ നവവത്സരാശംസകൾ. ഇത്തവണ ഒരു ചെറുകഥാമത്സരവുമായാണ് നമ്മൾ തുടങ്ങുന്നത്. എല്ലാവർക്കും തങ്ങളുടെ ചിന്തകളെ ചെത്തിമിനുക്കാനും മിനുക്കിയ ചിന്തകൾ ഭാവനയുടെ നൂലിൽ കോർത്ത് ഒരു ചെറുകഥ സൃഷ്ടിക്കാനും അതു ഒരു സഹൃദയ സദസ്സിനു സമർപ്പിക്കാനുമുള്ള സുവർണ്ണാവസരം...

ഒരുപാടു നിബന്ധനകൾ ഇല്ലെങ്കിലും താഴെപ്പറയുന്ന കര്യങ്ങൾ ശ്രദ്ധിക്കുക.
സൃഷ്ടി മൌലികമായിരിക്കണം. എല്ലാവരും സ്വന്തം ആത്മാവിനോടു നീതിപുലർത്തുമെന്നു പ്രതീക്ഷിക്കുന്നു.
മുൻപു മറ്റെവിടെങ്കിലും (പ്രസിദ്ധീകരണങ്ങൾ / ബ്ലോഗുകൾ) പ്രസിദ്ധീകരിക്കാത്തവ അയയ്ക്കുക.
മത്സരം ഏതെങ്കിലും പ്രമേയത്തെ അടിസ്ഥാനമാക്കിയല്ല. നിങ്ങളുടെ ക്രിയാത്മകത്യ്കു പൂർണ്ണസ്വാതന്ത്ര്യം.
ഒരു മത്സരത്തിലെന്നതിലുപരി, ഇതൊരു അവസരമാക്കി എല്ലാവരും പങ്കെടുക്കുക. ഒരുപക്ഷേ സൃഷ്ടികൾക്കു ലഭിക്കുന്ന നിരൂപണം വളരെ സഹായകരമായേക്കം.

ചെറുകഥാമത്സരത്തിനുള്ള സൃഷ്ടികൾ prabodhini.vayanashala@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക. സൃഷ്ടികൾ ജനുവരി 26 -വരെ സ്വീകരിക്കുന്നതാണ്. സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് അയച്ചുതരുവാൻ താല്പര്യപ്പെടുന്നു. മലയാളത്തിൽ ടൈപ്പ് ചെയ്യുമ്പോൾ MATWEB അല്ലെങ്കിൽ AnjaliOldLipi ഫോണ്ട് ഉപയോഗിക്കേണ്ടതാണ്. ചെറുകഥകൾ പരമാവധി 3000 വാക്കുകൾ അല്ലെങ്കിൽ മൈക്രോസോഫ്റ്റ് വേർഡിൽ ഫോർമാറ്റ് ചെയ്തത് ആറു പേജിൽ കുറവായിരിക്കണം. [പേജ് സൈസ്: A4 ഫോണ്ട് സൈസ്: 10]

ചെറുകഥാ മത്സരത്തിൽ അയച്ചുതരുന്ന എല്ലാ സൃഷ്ടികളും പ്രബോധിനി പ്രസിദ്ധീകരിക്കുന്നതാണ്. ചെറുകഥാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് നൽകപ്പെടുന്നതായിരിക്കും. പ്രശസ്‌ത എഴുത്തുകാർ അടങ്ങുന്ന ജഡ്ജിങ്ങ് പാനലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ജഡ്ജിങ്ങ് കമ്മിറ്റിയുടെ വിശദാംശങ്ങൾ ഈ മാസം അവസാനത്തോടെ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

പ്രബോധിനിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക്: http://www.prabodhini.110mb.com/index.html

സസ്നേഹം,
സെക്രട്ടറി, പ്രബോധിനി വായനശാല